Sunday, September 16, 2012


                                
                                  ഉരുള്‍പൊട്ടല്‍ എന്ത്, എങ്ങിനെ?
       കേരളത്തില്‍  പശ്ചിമഘട്ടത്തിലെ വിവിധ മലഞ്ചെരുവുകളില്‍  മിക്കവാറും എല്ലാ മഴക്കാലങ്ങളിലും ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകളുണ്ടായി വലിയ നാശനഷ്ടങ്ങളുണ്ടാവുന്നതായി നമുക്കറിയാം.  മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2012 ല്‍, പ്രത്യേകിച്ച് ആഗസ്റ്റ് മാസത്തില്‍ ഉണ്ടായ ഉരുള്‍ പൊട്ടലുകളുടെ എണ്ണത്തിലും, ശക്തിയിലും, സ്ഥലങ്ങളിലും വര്‍ദ്ധനവുണ്ടായത് പരക്കെ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.   എന്താണ് ഉരുള്‍പൊട്ടല്‍?  ഈ പ്രകൃതി പ്രതിഭാസം മുന്‍കൂട്ടി കാണാനും നിയന്ത്രിക്കാനും സാധിക്കുന്നതാണോ? ഇത്തരം ആലോചനകളിലേക്ക്  പോകുന്നതിന് മുമ്പ് ഉരുള്‍ പൊട്ടല്‍ എന്ന ഭൗതിക പ്രക്രിയ ഉരുത്തിരിഞ്ഞുവരുന്ന കാരണങ്ങളെപ്പറ്റി വിശകലനം ചെയ്യേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇത്തരം കാര്യങ്ങലെക്കുറിച്ചുള്ള ഗവേഷണങ്ങളും പഠനപ്രവര്‍ത്തനങ്ങളും ഇത്രയും കാലമായി കാര്യമായ പുരോഗതിയിലെത്തിയില്ലെന്ന് കരുതേണ്ടിയിരിക്കുന്നു.  മാത്രമല്ല, അപ്രസക്തവും അശാസ്ത്രീയവുമായ ചില പ്രസ്താവനകള്‍ ശാസ്ത്രീയമെന്ന രീതിയില്‍ പ്രചരിക്കുന്നത് നിരാശാജനകവുമാണ്.
       മണ്‍സൂണ്‍ കാലത്താണ് സാധാരണയായി ഉരുള്‍ പൊട്ടല്‍ സംഭവിക്കുന്നതായി കണ്ടുവരുന്നത്.  അതായത് മഴക്കാലക്ക്.  അതുകൊണ്ട് ഇതിന് മഴ മേഘങ്ങളുമായുള്ള ബന്ധം പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.  ആ ബന്ധം എന്താണെന്നും എങ്ങിനെയൊക്കെ ആയിരിക്കാമെന്നും നമുക്ക് ആലോചിക്കാവുന്നതാണ്.  മഴ ഒരത്ഭുതകരമായ ഒരു ഭൗതിക പ്രവര്‍ത്തനമാണ്.  വ്യത്യസ്തങ്ങളായ അനേകം തരത്തിലുള്ള മേഘങ്ങളുണ്ടെങ്കിലും എല്ലാ മേഘങ്ങളും മഴയായിത്തീരുന്നില്ല.  മേഘത്തില്‍ തണുത്ത കാറ്റടിക്കുമ്പോള്‍ഉണ്ടാവുന്ന ജലകണങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് മഴയായി പെയ്യുന്നുവെന്ന ലഘുവായ ഒരു പ്രവര്‍ത്തനമല്ല മഴ.  വളരെ സങ്കീര്‍ണ്ണമായ ഒരു കൂട്ടം ഭൗതിക പ്രവര്‍ത്തനങ്ങള്‍ മേഘങ്ങള്‍ക്കുള്ളില്‍ ചിട്ടയായി നടക്കുമ്പോഴാണ് മഴയുണ്ടാവാനുള്ള സാഹചര്യം ഒരുങ്ങുന്നത്.
      മണ്‍സൂണ്‍  കാലത്തോ, ന്യൂന മര്‍ദ്ദങ്ങളുണ്ടാവുന്ന  സ്ഥലഭേദമനുസരിച്ചോ നിരന്തരമായി എത്തപ്പെടുന്ന  മേഘശകലങ്ങള്‍, പലവിധ കാരണങ്ങള്‍ കൊണ്ട് അവയുടെ സഞ്ചാരവേഗം കുറയുകയും അന്തരീക്ഷത്തില്‍ ഏതെങ്കിലും ഒരു സ്ഥലത്ത് കേന്ദ്രീകരിക്കപ്പെടാന്‍ ഇടവരികയും ചെയ്യുന്നു.  ആപേക്ഷികമായി വേഗതകുറഞ്ഞ മേഘശകലങ്ങള്‍ ഒരുമിച്ചുകൂടിയും, പിന്നീട് വരുന്ന മേഘങ്ങളെ തടുത്തു നിര്‍ത്തിയും വലിയൊരു മേഘസഞ്ചയമായി രൂപം പ്രാപിക്കുന്നു. ആകാശമേലാപ്പില്‍ കാര്‍മേഘം നാലുഭാഗത്തും പരന്നുകിടക്കുന്നതായി നമുക്കു തോന്നുന്ന ഘട്ടമാവുമ്പോഴേക്കും  മേഘങ്ങള്‍  ജല ബാഷ്പത്തിന്റെ വലിയൊരു ഗോളാവസ്ഥയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാവും.  ഒരു പക്ഷെ നിരീക്ഷകരായ നമ്മളടക്കം ഈ നീരാവി ഗോളത്തിനുള്ളിലായിരിക്കാം.  ജലബാഷ്പ കണികകളുടെ പരസ്പരാകര്‍ണവും അതനുസരിച്ചുള്ള ക്രമീകരണങ്ങളും മൂലമാണ്  ജലബാഷ്പസാന്ദ്രീകൃതമായ  ഇത്തരം ഒരു കുമിള രൂപപ്പെട്ടുവരുന്നത്. ബാഷ്പ കണങ്ങളുടെ  ഈ പരസ്പരാകര്‍ഷണം കുമിളയ്ക്കകത്ത് ശക്തമായ ബലത്തിന്റെ ചാലുകള്‍ (Chain of force) ഉണ്ടാക്കുന്നു. ഇങ്ങനെയുള്ള അനേകം ചാലുകള്‍ കുമിളയ്ക്കകത്ത് ഝടുതിയില്‍ത്തന്നെ ഉണ്ടായിത്തീരുകയും അതിന്റെ പരിണിതഫലമായി സ്വാഭാവികമായും ഒരു കേന്ദ്രസ്ഥാനം (ന്യൂക്ലിയസ്) ഉരുത്തിരിഞ്ഞുവരികയും ചെയ്യുന്നു. എല്ലാ ബല ചാലുകളും ന്യൂക്ലിയസ്സിലേക്ക് വഴി തുറക്കുന്നതോടുകൂടി കേന്ദ്രം സജീവമാവുകയും  വ്യവസ്ഥയൊട്ടാകെ നിയന്ത്രണ വിധേയമാവുകയും ചെയ്യുന്നു.  ഇതോടൊപ്പംതന്നെ മൊത്തം വ്യവസ്ഥയെ താപസംതുലനാവസ്ഥയിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനവും നടക്കുന്നു. വ്യവസ്ഥയുടെ എല്ലാഭാഗങ്ങളിലും താപാവസ്ഥ ഒരുപോലെയാകുമ്പോ ഴാണ് ന്യൂക്ലിയസ്സ് ശക്തമാവുക.  താപവ്യത്യാസങ്ങള്‍, താപ-ഗതിക നിയമപ്രകാരമുള്ള കൊടുക്കല്‍ വാങ്ങലിലൂടെയോ, ഉയര്‍ന്ന താപവ്യത്യാസങ്ങള്‍ ഇലക്‌ട്രോണിക്ക് പള്‍സിലൂടെയോ(മിന്നല്‍) പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കും. ക്രമാനുഗതവും പരസ്പര ബന്ധിതവുമായ ഇത്തരം ഒട്ടേറെ ഭൗതിക പ്രവര്‍ത്തനങ്ങളുടടെ ഫലമായി  വ്യവസ്ഥയാകെത്തന്നെ  താപസംതുലനാവസ്ഥയില്‍  എത്തിപ്പെടുന്നു.  വളരെ നേര്‍ത്ത ഒരു സമയത്തേക്ക് ബലചാലുകള്‍ സജീവമാവുകയും ന്യൂക്ലിയസ്സിലേക്ക്  എല്ലാ ബലങ്ങളും ആവാഹിക്കപ്പെടുകയും, അതുവഴി മേഘ സഞ്ചയമാകെത്തന്നെ ഉള്ളിലെക്ക് ശക്തിയായി വലിച്ചടുപ്പിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.  മേഘ സഞ്ചയത്തിന്റെ വലിപ്പവും സാന്ദ്രതയുമനുസരിച്ച് വലിച്ചടുപ്പിക്കലിന്റെ ശക്തി കൂടുകയോ കുറയുകയോ ചെയ്‌തേക്കാം.  വലിച്ചടുപ്പിക്കല്‍  പുരോഗമിക്കുന്തോറും, ജലബാഷ്പ കണങ്ങള്‍ ഞെങ്ങി ഞെരുങ്ങി ജലകണങ്ങളായി  പരിണമിച്ച് മഴയായി തെറിച്ച് വീഴുന്നു.  ഒരു വലിയ മേഘ സഞ്ചയത്തിന്റെ എല്ലാ പ്രദേശത്തും ഈ പ്രക്രിയ ഒരേ തോതില്‍ തന്നെ നടക്കുന്നതിനാല്‍ സമാന സ്വഭാവമുള്ളതും, ഒരേ വലിപ്പമുള്ളതുമായ ജലത്തുള്ളികള്‍ താഴേക്ക് പതിച്ച് ആ പ്രദേശത്ത് മഴ പെയ്യുകയും ചെയ്യുന്നു.  ഒരു പ്രദേശത്ത് രൂപീകൃതമാവുന്ന മഴമേഘ ഗോളങ്ങള്‍ക്ക് പരമാവധി 5-6 കിലോമീറ്റര്‍ ചുറ്റളവായിരിക്കും സാധാരണ ഉണ്ടാവുക.  മഴക്കാലങ്ങളില്‍  അന്തരീക്ഷത്തില്‍ നിരനിരയായി ധാരാളം മഴമേഘ ഗോളങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ അവയുടെ വലിപ്പവും സാന്ദ്രതയുമനുസരിച്ച് വ്യത്യസ്ത രീതികളില്‍ മഴ പെയ്യിക്കുന്നു. മഴയുണ്ടാവുന്നതിന്  മേല്‍പറഞ്ഞവ കൂടാതെ മറ്റനേകം അനുബന്ധ സാഹചര്യങ്ങള്‍ കൂടി ഒത്തിണങ്ങി വരേണ്ടതുണ്ട്. ഇത്തരം പ്രവര്‍നങ്ങള്‍ ക്രമാനുഗതമായി നടക്കാനിടയില്ലാത്ത അവസ്ഥയാണെങ്കില്‍ മഴയുണ്ടാവുന്നില്ല.  ഒരു നിശ്ചിത അളവില്‍ സാന്ദ്രതയിലെത്തിയില്ലെങ്കിലോ, വ്യവസ്ഥയ്ക്കകത്ത്  താപവ്യതിയാനമുണ്ടായി താപസംതുലന പ്രവര്‍ത്തനം നടക്കാതിരിക്കുന്ന സ്ഹചര്യത്തിലോ മഴ രൂപീകരിക്കാനാവാതെ മേഘങ്ങള്‍ ചിതറിപ്പോകുന്നു.
        മണ്‍സൂണ്‍ മേഘങ്ങള്‍ ആവശ്യാനുസരണം ഉണ്ടായിട്ടും മഴ രൂപപ്പെട്ടുവരാത്ത അവസ്ഥ 2012 മണ്‍സൂണ്‍ കാലത്ത് നമ്മള്‍ കണ്ടതാണ്.  സൂര്യനില്‍ ഈ വര്‍ഷം അത്യപൂര്‍വ്വമായ പ്രക്ഷുബ്ധാവസ്ഥയും ആളലും (Sun flair) ഉള്ളതായും സൗരവാതം പോലുള്ള അപകടകാരികളായ വികിരണങ്ങള്‍ ഭൂമിയിലേക്ക് പോലും എത്തിപ്പെടാന്‍ സാദ്ധ്യതയുള്ള തായും കരുതപ്പെടുന്നു.  ഇത്തരം വികിരണത്തില്‍ ഉള്‍പ്പെടാനിടയുള്ള ഇന്‍ഫ്രാ റെഡ് ഗണത്തില്‍ പെട്ട രശ്മികള്‍ക്ക് മേഘത്തെ നേരിട്ട് ചൂടുപിടിപ്പിക്കാന്‍ കഴിയും.  പതിവില്‍ കൂടുതല്‍ സൗരോര്‍ജ്ജം പ്രവഹിച്ചതുമൂലം ഭൂമിയില്‍ ഹരിതഗൃഹ പ്രഭാവം മൂലമുള്ള ഊഷ്മാവിനും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതായും വിലയിരുത്തുന്നു.  ജൂണ്‍-ജൂലൈ മാസങ്ങളില്‍ മുകളില്‍നിന്നും താഴെ നിന്നുമുള്ള അമിതമായ താപ പ്രവാഹം മൂലം മേഘങ്ങളില്‍ താപസംതുലന പ്രവര്‍ത്തനം നടത്താനാവാതെ പോയതുകൊണ്ടാവണം നിരന്നുനിന്നിരുന്ന മേഘങ്ങളില്‍ നിന്നു പോലും മഴ ലഭിക്കാ തെ പോയത് എന്നു കരുതാവുന്നതാണ്.  2012 ഓഗസ്റ്റ് മാസത്തോടുകൂടി സൂര്യന്റെ രോഷാഗ്നി തെല്ലൊന്നടങ്ങുകയും ഭൂമിയുമായി സൂര്യന്റെ അകലം വര്‍ദ്ധിക്കുകയും ചെയ്തതിനാല്‍ (ആയിരിക്കണം) മണ്‍സൂണ്‍ ശിഷ്ട മേഘങ്ങള്‍ ഒത്തു ചേര്‍ന്ന് മഴ പെയ്യാനുള്ള സാഹചര്യമുണ്ടായിട്ടുള്ളത്.  ഒക്‌ടോബര്‍ മാസത്തോടുകൂടി സൂര്യന്‍ വീണ്ടും ഭൂമിക്ക് സമീപത്തേക്ക് തന്നെ വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ തുലാവര്‍ഷവും പാളിപ്പോകാനാണ് സാദ്ധ്യത; സൂര്യനിലെ താപ നില സാധാരണ നിലയിലേക്കുതന്നെ വരികയാണെങ്കില്‍ പതിവ് കാലാവസ്ഥ തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
       ഉരുള്‍ പൊട്ടല്‍ നടക്കുന്നത് സാധരണ മലഞ്ചെരുവുകളിലും മലമടക്കുകളിലുമാണ്.  സാന്ദ്രതകൂടിയ മേഘങ്ങള്‍ മലമടക്കുകളിലെത്തുമ്പോള്‍, അത്തരം ചെരിഞ്ഞ പശ്ചാത്തലത്തില്‍ പൊതുവെ കണ്ടുവരുന്ന നേരിയ ചുഴലിക്കാറ്റിന്റെ അകമ്പടിയോടെ കൂമ്പാരന്‍ സ്വഭാവമുള്ള മേഘമായി പിണമിക്കുന്നു.  ഭൂമിയുടെ ഉപരിതലം തൊട്ട് കിലോമീറ്ററുകളോളം ഉയരത്തിലെത്താവുന്ന ഇത്തരം മേഘസഞ്ചയത്തിന് ശക്തമായ ന്യൂക്ലിയസ്സാണ് ഉണ്ടാവുക.  (ഇത് ഭൂമിയെ തൊട്ട് തന്നെ ചുറ്റിത്തിരിയുന്നതിനാല്‍ വലിയതരം വസ്തുക്കള്‍ പോലും മേഘത്തിനകത്തേക്ക് പൊങ്ങിപ്പോയേക്കാം.  അമേരിക്കയിലും മറ്റും ഇതിലേക്കാള്‍ ഭീമാകാരമായ വകഭേദങ്ങള്‍ കണ്ടുവരുന്നു)  ശക്തമായ ഇടിമിന്നല്‍ ഇതിന്റെ പ്രത്യേകതയാണ്.  ഇത്തരം മേഘ ഉരുളകള്‍ അനുകൂല സാഹചര്യത്തില്‍ പെട്ടെന്ന് ചുരുങ്ങുകയും വെള്ളത്തിന്റേയോ മഞ്ഞുകട്ടയുടേയോ വലിയൊരു സ്തൂപം തന്നെ രൂപം കൊള്ളുകയും മണ്ണിലേക്ക് ഊക്കോടെ അമര്‍ന്നടിയുകയും ചെയ്യുന്നു.  ഇത്രയും ഭാരമേറിയതും  അതിഭീമമായ സ്ഥാനിക ഊര്‍ജ്ജമുള്ളതുമായ ഒരു വസ്തു പൊടുന്നനെ ഭൂമിയില്‍ പതിച്ചാല്‍ മലയായാലും കുന്നായാലും അവ ചിതറിത്തെറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.  ഭൂമിയില്‍ വലിയൊരു ഗര്‍ത്തം തന്നെ രൂപപ്പെടാനിടയുണ്ട്.  ഉരുള്‍പൊട്ടല്‍ നിയന്ത്രിക്കാന്‍ ഭൂമിയില്‍ നിന്നുള്ള ഒരു ക്രമീകരണങ്ങളും ഫലവത്താകാനിടയില്ല.   മലമടക്കുകളില്‍ കൂമ്പാരന്‍ മേഘങ്ങള്‍ രൂപീകൃതമാവുന്നത് നിരീക്ഷിക്കാനാവുമെങ്കില്‍ അവയുടെ താപസംതുലനാവസ്ഥയില്‍ കാര്യമായ മാറ്റം വരുത്തുന്ന തരത്തില്‍, മേഘങ്ങള്‍ക്കകത്തേക്ക് തുളച്ചുകയറി വലിയ സ്‌ഫോടനം സൃഷ്ടിക്കാന്‍ കഴിയുമെങ്കില്‍(!) തല്‍ക്കാലം അപകടത്തിന്റെ തോത് കുറക്കാന്‍ കഴിഞ്ഞേക്കാം.
( അഭിപ്രായങ്ങള്‍ അിറയിക്കുക)
                                              കെ.പി.രവിന്ദ്രന്‍, മയൂഖം, അന്നൂര്‍, പയ്യന്നൂര്‍,670 307,  ph: 9947751054
                                                  26.08.2012



Saturday, September 4, 2010

cosmology

പ്രപഞ്ചത്തിലെ ദ്രവ്യാവസ്ഥയും  അവസ്ഥാന്തരങ്ങളും

          ലോകത്തിന്റെ ഘടനയെക്കുറിച്ച് അിറയാനുള്ള മനുഷ്യന്റെ അടങ്ങാത്ത ജിജ്ഞാസയില്‍ നിന്നാണ് വാസ്തവത്തില്‍ സംസ്‌കാരം തന്നെ ഉടലെടുത്തത്.  നാം നിരന്തരം പെരുമാറുന്ന വസ്തുക്കള്‍ എന്താണെന്നും ഇവയൊക്കെ നിര്‍മ്മിച്ചിരിക്കുന്ന അടിസ്ഥാന വസ്തുക്കള്‍ ഏതൊക്കെയാണെന്നും അതിപുരാതന കാലം മുതല്‍ക്കുതന്നെ മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയിരുന്നു.  ഭാരതത്തില്‍ ഉടലെടുത്ത കണാദന്റെ പരമാണു സിദ്ധാന്തവും, ഗ്രീക്ക് ചിന്തകന്മാര്‍ മുന്നോട്ടുവെച്ച ആറ്റം സിദ്ധാന്തവും ഏറെക്കുറെ സമാനമായ ചിന്താ പദ്ധതികളാണ്. എല്ലാ വസ്തുക്കളും നിര്‍മ്മിച്ചിരിക്കുന്നത് പരമാണുക്കള്‍ കൊണ്ടാണെങ്കില്‍ വസ്തുക്കളില്‍ നിന്ന് വസ്തുക്കളിലേക്ക് മാറുമ്പോള്‍ അവയുടെ സ്വഭാവത്തിനും പ്രവര്‍ത്തനത്തിനും പ്രകടമായ മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ ആധുനിക ഭൗതികശാസ്ത്രവും രസതന്ത്രവും കെല്‍പു നേടും വരെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിരുന്നു.  ഇന്ന് ഏത് സ്‌കൂള്‍ കുട്ടിക്കും പരമാണുക്കളിലടങ്ങിയ ഘടകങ്ങളെക്കുറിച്ച് അിറയാവുന്നതാണ്.  അണുഘടനയേക്കുറിച്ച് ലോകത്തിന് അറിവു ലഭിച്ചിട്ട് കഷ്ടിച്ച് നൂറു വര്‍ഷം ആയതേയുള്ളു. ന്യൂട്രോണ്‍ കണ്ടുപിടിക്കുന്നത് 1932 ലാണ്.  ധന ചാര്‍ജ്ജുള്ള പ്രോട്ടോണും ചാര്‍ജ്ജില്ലാത്ത ന്യൂട്രോണും അണു കേന്ദ്രത്തിലും, ഋണ ചാര്‍ജ്ജുള്ള ഇലക്‌ട്രോണ്‍ അനുവദിക്കപ്പെട്ട ബോര്‍ പഥത്തിലൂടെ അനുകേന്ദ്രത്തിനു ചുറ്റിലുമായി സഞ്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന മാതൃകയാണ് ശാസ്ത്രീയമായി അംഗീകരിക്കപ്പട്ടിരിക്കുന്ന ആറ്റം മാതൃക.  സാമാന്യമായ ഭൗതിക ശാസ്ത്ര വിശകലനത്തിനും രസതന്ത്രത്തിലെ ഒട്ടുമിക്ക പ്രവര്‍ത്തനത്തിനും നിലവിനുള്ള അണു മാതൃക തൃപ്തികരമായി പ്രയോഗിക്കാനാകുന്നുണ്ട്.  എന്നാല്‍ കുറച്ചുകൂടി സങ്കീര്‍ണവും അസാധാരണവുമായ ചില ഭൗതിക പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും നിലവിനുള്ള അണുഘടനാ സിദ്ധാന്തം അപര്യാപ്തമാണെന്ന് കാണുന്നു. 

          ക്ഷീണ ആണവ ബലങ്ങള്‍ ഉള്‍ക്കൊള്ളുന്ന റേഡിയോ ആക്ടീവ് പഥാര്‍ത്ഥങ്ങളില്‍ നിന്നുള്ള റേഡിയേഷന്‍ വികിരണത്തിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് ചില വിശദീകരണങ്ങള്‍ നടത്താന്‍ സാധിക്കുന്നുണ്ടെങ്കിലും വികിരണത്തിലടങ്ങിയ രശ്മികളേക്കുറിച്ച് കൂടുതലെന്തെങ്കിലും പറയാന്‍ അണുഘടനാ ശാസ്ത്രം കുറേക്കൂടി വികസിക്കേണ്ടതുണ്ടെന്ന് ശാസ്ത്രലോകത്തിന് ബോദ്ധ്യമായിട്ടുണ്ട്.  റേഡിയോ ആക്ടീവ് പഥാര്‍ത്ഥങ്ങളില്‍ നിന്ന് പ്രധാനമായും ആല്‍ഫാ, ബീറ്റാ, ഗാമ എന്നീ കിരണങ്ങള്‍ പുറത്ത് വരുന്നതായി അിറയാവുന്നതാണല്ലോ.  ഇതില്‍ ബീറ്റാ രശ്മികള്‍ ഋണ ചാര്‍ജ്ജുള്ളതും ഇലക്‌ട്രോണിന് തുല്യവുമായ ഒരു കണമാണെന്ന്  കണ്ടെത്തിയിട്ടുണ്ട്.  അണു കേന്ദ്രത്തില്‍ ഋണ ചാര്‍ജ്ജുള്ള കണങ്ങള്‍ ഉള്ളതായി നേരത്തെ അണുഘടനാ സിദ്ധാന്തത്തില്‍ നമ്മള്‍ മനസ്സിലാക്കിയിട്ടില്ലാത്തതാണ്. റേഡിയോ ആക്ടീവ് വസ്തുക്കളില്‍ അണുകേന്ദ്രത്തിലെ ന്യൂട്രോണിനാണ് അവശോഷണം സംഭവിക്കുന്നത്.  അവശോഷണം സംഭവിക്കുന്ന ഒരു സ്വതന്ത്ര ന്യൂട്രോണില്‍ നിന്ന് ഒരു ഇലക്‌ട്രോണും കൂടാതെ ഒരു ഇലക്‌ട്രോണ്‍ ആന്റിന്യൂട്രിനോ എന്ന മറ്റൊരു കണവും പുറത്തേക്ക് വരുകയും ചെയ്യുന്നത് മാത്രമല്ല ന്യൂട്രോണ്‍ സ്വയം പ്രോട്ടോണ്‍ ആയി മാറുന്നതും കണ്ടെത്തിയത് വളരെ അത്ഭുതകരമായ കാര്യമായിരുന്നു.  അതിശക്തമായ തുളച്ചുകയറല്‍ ശേഷിയുള്ള കണമാണ് ആന്റി ന്യൂട്രിനോ എന്ന് മനസ്സിനാക്കിയിട്ടുണ്ട്. അങ്ങിനെയാണെങ്കില്‍ ഈ കണം പ്രോട്ടോണിനേയും മാറ്റത്തിന് വിധേയമാക്കാന്‍ സാദ്ധ്യതയുണ്ടെന്ന് അനുമാനിക്കപ്പെട്ടതിന്റെയടിസ്ഥാനത്തില്‍  നടത്തിയ നിരീക്ഷണത്തില്‍  പ്രോട്ടോണ്‍ ന്യൂട്രോണായി മാറുന്നതും അതിന്റെ ഫലമായി ഇലക്‌ട്രോണിന്റെ പ്രതികണമായ ധന ചാര്‍ജ്ജുള്ള പോസിട്രോണ്‍ എന്ന കണം പുറംതള്ളപ്പെടുകയും ചെയ്തത് ശാസ്ത്ര ലോകത്തെ അമ്പരിപ്പിക്കുക തന്നെ ചെയ്തു. ഇവ കൂടാതെ മറ്റു ചില കണങ്ങള്‍ കൂടി അണുകേന്ദ്രത്തില്‍ നിന്ന് പുറത്തുവരുന്നതായി കണ്ടെത്തി.  അണു കേന്ദ്രത്തിലുള്ള പ്രോട്ടോണില്‍ നിന്നും ന്യൂട്രോണില്‍ നിന്നുമല്ലാതെ ഈ കണങ്ങളത്രയും  മറ്റെവിടെനിന്നും വരാന്‍ സാദ്ധ്യതയില്ല. അപ്പോള്‍ അണുകേന്ദ്രത്തിലുള്ള രണ്ടു കണങ്ങളും അടിസ്ഥാന കണങ്ങളാണെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റാത്ത നില വന്നു ചേരുന്നു.  പരമാണുക്കള്‍ അവിഭാജ്യമാണെന്ന് വിശ്വസിച്ചിരുന്ന ആയിരക്കണക്കിന് വര്‍ങ്ങള്‍ക്കു ശേഷം അണുഘടന കണ്ടെത്തുകയും, അണുകേന്ദ്രത്തിലെ ഘടകങ്ങളായ പ്രോട്ടോണും ന്യൂട്രോണും അടിസ്ഥാന കണങ്ങളാണെന്ന ധാരണ ഉണ്ടായിവരികയും ദശകങ്ങള്‍ക്കകം തന്നെ  അത് മാറ്റേണ്ടിയും വന്നരിക്കുന്നു. അതായത് പ്രോട്ടോണും ന്യൂട്രോണും അവയേക്കാള്‍ ചെറിയ മറ്റ് കണങ്ങള്‍ ചേര്‍ന്നുണ്ടായവയാണ് എന്ന നിഗമനത്തില്‍ എത്തിച്ചേരേണ്ടിവന്നിരിക്കുന്നു. അണു കേന്ദ്രത്തിലെ പ്രോട്ടോണും ന്യൂട്രോണും ക്വാര്‍ക്കുകള്‍ കൊണ്ട് നിര്‍മ്മിച്ചവയാണെന്ന് പ്രസിദ്ധ കണികാ ഭൗതിക ശാസ്ത്രജ്ഞനായ മുറെ ജെല്‍മാന്‍  കണ്ടെത്തിയിട്ടുണ്ട്.    

          ക്വാര്‍ക്കുകള്‍ പ്രപഞ്ചത്തിലെ ദ്രവ്യാവസ്ഥയുടെ ഒരു പ്രത്യേക സ്ഥിതിവിശേഷമാണ്. ഇവ പല നിറങ്ങളിലും രുചിഭേദങ്ങളിലും നിലനിര്‍ക്കുന്നതായി അനുമാനിക്കപ്പെടുന്നു. ചുവപ്പ്,പച്ച,നീല എന്നിങ്ങനെയാണ് ഈ നിറഭേദങ്ങളെങ്കിലും പേരുകള്‍ വെറും ലേബല്‍ മാത്രമാണ്.  കാരണം ദൃശ്യ പ്രകാശ തരംഗ ദൈര്‍ഘ്യത്തേക്കാള്‍ വളരെ കുറഞ്ഞ വലുപ്പമുള്ള ക്വാര്‍ക്കുകള്‍ക്ക് നമ്മള്‍ സാധാരണ കരുതുന്നതു പോലുള്ള നിറം ഉണ്ടാവാനിടയില്ല.  ആറു തരത്തില്‍ അല്ലെങ്കില്‍ ആറു രുചിഭേദങ്ങളിലായാണ് ക്വാര്‍ക്കുകള്‍ നിലനില്‍ക്കുന്നത്. അപ്പ്, ഡൗണ്‍, ചാംഡ്, സ്‌ട്രേഞ്ച്, ടോപ്പ്, ബോട്ടം എന്നിങ്ങനെയാണ് ആ രുചിഭേദങ്ങള്‍. രണ്ട് അപ്പ് ക്വാര്‍ക്കുകളും ഒരു ഡൗണ്‍ ക്വാര്‍ക്കും ചേര്‍ന്നതാണ് ഒരു പ്രോട്ടോണ്‍, അതുപോലെ രണ്ട് ഡൗണ്‍ ക്വാര്‍ക്കുകളും ഒരു അപ്പ് ക്വാര്‍ക്കും ചേര്‍ന്നതാണ് ഒരു ന്യൂട്രോണ്‍.  ക്വാര്‍ക്കിന്റെ സ്വഭാവം രൂപപ്പെടുന്നത് അതിലടങ്ങിയിരിക്കുന്ന ചേരുവകളുടെ സ്വഭാവങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒരു ക്വാര്‍ക്കില്‍ 3 കോടി മുതല്‍ 5 കോടി വരെയുള്ള പ്രാഥമിക ഊര്‍ജ്ജ കണങ്ങളുണ്ടെന്ന് വിശ്വസിക്കുന്നു. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ക്വാര്‍ക്കുകളില്‍ ഏറ്റവും കൂടുതലുമുള്ള ഊര്‍ജ്ജ കണം ഫോട്ടോണുകള്‍ അഥവാ പ്രകാശ കണമാണ്. ഫോട്ടോണിനെ കൂടാതെ ഇലക്‌ട്രോണുകള്‍, പോസിട്രോണുകള്‍, ന്യൂട്രിനോകള്‍, ഗ്ലുവോണുകള്‍, ബോസോണുകള്‍, മേസണുകള്‍ എന്നിങ്ങനെ 250 ലധികം പ്രാഥമിക ഊര്‍ജ്ജ കണങ്ങള്‍ ഒരു ക്വാര്‍ക്കിനകത്ത് സ്ഥിതിചെയ്യുന്നു. ഒരു സെക്കന്റിന്റെ പത്ത് ലക്ഷത്തിലൊരംശം പോലും ആയുസ്സില്ലാത്ത കണങ്ങളും അല്‍പായുസ്സായ കണങ്ങളും, സ്ഥിരതയുള്ള കണങ്ങളും ഒക്കെ അക്കൂട്ടത്തിലുണ്ട്. പ്രപഞ്ചത്തിലെ അതിസൂക്ഷ്മമായ ഒരു പ്രദേശത്ത്  കോടിക്കണക്കിന് ഊര്‍ജ്ജ കണങ്ങള്‍ക്ക് സഞ്ചരിക്കാനും പെരുമാറാനുമുള്ള സ്ഥലത്തിന്റെ പരിമിതി നമുക്ക് ഊഹിക്കാവുന്നതേയുള്ളു.  സഞ്ചാരത്തില്‍ കണങ്ങള്‍ പരസ്പരം കൂട്ടിയടിക്കുകയും വേഗതയിലും ഭ്രമണ സ്വഭാവത്തിലും മാറ്റം സംഭവിക്കുകയും കണങ്ങള്‍ തന്നെ മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.  പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ പ്രദേശമായ (ഏകദേശം ഒരു സെ.മി.യുടെ 10 ഘാതം -24 അംശം) ക്വാര്‍ക്കിനകത്ത് നടക്കുന്ന പ്രപര്‍ത്തനങ്ങള്‍ നേരിട്ട് നിരീക്ഷിക്കാന്‍ നമുക്ക് ഉപായങ്ങള്‍ ഒന്നും തന്നെയില്ല.  ദൃശ്യ പ്രകാശ തരംഗത്തേക്കാള്‍ ചെറിയ ഒരു പ്രദേശത്ത്  സാദ്ധ്യമായേക്കാവുന്ന ഏത് നിരീക്ഷണത്തിലും കണങ്ങളുടെ സ്ഥാനമോ, വേഗതയോ, ചലനമോ ഒരുപോലെ  കണ്ടെത്താനാവില്ല. വേഗതയില്‍ എത്ര സൂക്ഷ്മമായി അളവുകള്‍ സ്വരൂപിക്കുന്നുവോ അത്രയും അളവില്‍ അതിന്റെ സ്ഥാനം കണക്കാക്കുന്നതില്‍ പിശക് സംഭവിക്കുന്നു. ഭൗതികത്തില്‍ ആകസ്മികത കൊണ്ടുവന്നത് അനിശ്ചിതത്വ സിദ്ധാന്തമാണ്. ക്വാണ്ടം ഭൗതികത്തില്‍ ശ്രദ്ധേയമായ ഐസന്‍ബര്‍ഗ്ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തം, സൂക്ഷ്മ പ്രപഞ്ചത്തിലെ പ്രവര്‍ത്തനം വിശദീകരിക്കുന്നതിന് നേരിടുന്ന നാനാതരം പരിമിതികളെ ബോദ്ധ്യപ്പെടുത്തുന്നു. ഇത്തരം സൂക്ഷ്മ പ്രദേശത്തിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിന് അനിശ്ചിതത്വ സിദ്ധാന്തം കൂടാതെ സംഭവ്യതാ നിയമം,ഒഴിവാക്കല്‍ നിയമം, ചരിത്ര സാരാംശം എന്നിങ്ങനെ പല സിദ്ധാന്തങ്ങളേയും ആശ്രയുക്കുന്നുണ്ടെങ്കിലും ഈകസ്മികതകളെ തൃപ്തികരമായി വിശദീകരിക്കാന്‍ സാധിക്കാത്തതിന് പ്രധാന കാരണം, സൂക്ഷ്മ പ്രദേശത്ത് 20 ലധികം മാനങ്ങള്‍ ഉള്ളതുകൊണ്ടാണെന്ന് അനുമാനിക്കപ്പെടുന്നു.  വികസ്വര പ്രപഞ്ചം തുറന്നു തന്നിരിക്കുന്ന നാല് മാനങ്ങള്‍ മാത്രമേ നമുക്ക് ഇന്ന് അനുഭവപ്പെടുന്നുള്ളു. 

          അണു കേന്ദ്രത്തിലെ പ്രോട്ടോണും ന്യൂട്രോണും രൂപപ്പെടുന്നത് മൂന്ന് വീതം ക്വാര്‍ക്കുകള്‍ കെണ്ടാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ.  മൂന്നു വീതം ക്വാര്‍ക്കുകള്‍, ഗ്ലുവോണ്‍ എന്ന കണത്തിന്റെ ഗാഢമായ സംരക്ഷണത്തില്‍ പ്രപഞ്ചത്തിലെ ഏറ്റവും ബലവത്തായ ഒരു ബന്ധമായിത്തീരുന്നു.  പ്രബല ആണവ ബലം എന്നറിയപ്പെടുന്ന ഈ ബന്ധം, അടിസ്ഥാന ബലങ്ങളില്‍ ഏറ്റവും ശക്തമായതാണ്. ഭൂമിയിലുണ്ടാക്കാന്‍ സാധിക്കുന്ന ഒരു ഊര്‍ജ്ജത്തിനും പ്രബല ആണവ ബലം അതായത് ഒരു പ്രോട്ടോണിനെ തകര്‍ക്കാനുള്ള ശക്തിയുണ്ടാവില്ലെന്ന് കരുതുന്നു.  എന്നാല്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ നടക്കുന്ന ലോകത്തിലെ അതിബൃഹത്തായ പരീക്ഷണശാലയായ സേണില്‍ ഹാഡ്രോണ്‍ കൊളൈഡര്‍ എന്ന കണികാ പരീക്ഷണ ഉപകരണത്തില്‍ സ്വതന്ത്ര പ്രോട്ടോണുകളെ പിളര്‍ത്തി ക്വാര്‍ക്കുകളെ പുറത്തു ചാടിക്കാനുള്ള ശ്രമമാണ് നടക്കാന്‍ പോവുന്നത്.  ഈ പരീക്ഷണ വിജയത്തോടുകൂടി പ്രപഞ്ചോല്‍പത്തി സംബന്ധച്ച്  ശാസ്ത്രലോകം തത്വത്തില്‍ അംഗീകരിച്ചിട്ടുള്ള ബിഗ്ബാംഗ് തിയറി അഥവാ മഹാവിസ്‌ഫോടന സിദ്ധാന്തം സ്ഥിരീകരിക്കപ്പെടുമെന്ന് കരുതുന്നു.

          മഹാവിസ്‌ഫോടനത്തിന് മുമ്പ് എന്തായിരുന്നുവെന്ന് അിറയാന്‍ കഴിയില്ലെങ്കിലും വിസ്‌ഫോടനം ആരംഭിച്ചതു മുതലുള്ള കാര്യങ്ങള്‍ ശാസത്രലോകം അന്വേഷിച്ചുവരികയാണ്.  പ്രപഞ്ചത്തില്‍ നമുക്ക് ഇന്ന് കാണാന്‍ കഴിയുന്നതും അല്ലാത്തതുമായ മുഴുവന്‍ ദ്രവ്യവും, സ്ഥലവും, കാലവും എല്ലാം തന്നെ ഉല്‍ഭവിച്ചത് മഹാവിസ്‌ഫോടനത്തോടുകൂടിയാണെന്ന് അനുമാനിക്കുന്നു.  സ്ഥലകാല ദ്രവ്യങ്ങള്‍ സമ്മേളിച്ചിരുന്ന ആദിമ തമോഗര്‍ത്തത്തില്‍ ദ്രവ്യം മുഴുവന്‍  നിലനിന്നിരുന്നത് റേഡിയേഷന്‍ രൂപത്തിലായിരിക്കും.  വിസ്‌ഫോടനത്തോടുകൂടി സ്ഥല-കാലത്തോടൊപ്പം റേഡിയേഷന്‍ രൂപത്തിലുള്ള ദ്രവ്യവും വികസിച്ചുവന്നു.  പ്രപഞ്ച വികാസത്തോടൊപ്പം താപനില കുറഞ്ഞുവരുന്ന ഒരു ഘട്ടത്തില്‍ റേഡിയേഷന്‍ തരംഗങ്ങള്‍ കൂടിച്ചേര്‍ന്ന് അടിസ്ഥാന ഊര്‍ജ്ജ കണങ്ങളായി ഉരുത്തിരിഞ്ഞ് വന്നു.  താപനില വീണ്ടും കുറഞ്ഞുവരുന്ന മുറയ്ക്ക് ഊര്‍ജ്ജ കണങ്ങള്‍ സങ്കോചിച്ച്  ക്വാര്‍ക്കുകളായി ഒന്നിച്ച് നില്‍ക്കുകയും ഗ്ലുവോണ്‍ കണത്തിന്റെ സംരക്ഷണ വലയത്തില്‍ പ്രോട്ടോണുകളും ന്യൂട്രോണുകളും ഉണ്ടായിത്തീരുകയും ചെയ്യുന്നുവെന്ന നിഗമനമാണ് ബിഗ്ബാംഗ് തിയറി മുന്നോട്ടുവെക്കുന്ന പ്രപഞ്ച വികാസ മാതൃക.  അതേ സമയം ആദിമ തമോഗര്‍ത്തത്തിലുണ്ടായിരുന്ന മുഴുവന്‍ റേഡിയേഷന്‍ തരംഗങ്ങളും കണികാരൂപത്തിലേക്ക് രൂപാന്തരം പ്രാപിച്ചിട്ടില്ല.  നമ്മള്‍ കാണുന്ന തരത്തിലുള്ള ആറ്റം രൂപത്തിലുള്ള ദ്രവ്യം, പ്രപഞ്ചദ്രവ്യത്തിന്റെ വെറും നാല് ശതമാനം മാത്രമാണ്.  ബാക്കി മുഴുവന്‍ ദ്രവ്യവും ബ്ലാക്ക് എനര്‍ജിയായും ബ്ലാക്ക് മാറ്ററായും പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നു.  പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രങ്ങളിലും ഗാലക്‌സികളിലും, നെബുലകളിലും ദ്രവ്യത്തിന്റെ അവസ്ഥകള്‍ വിഭിന്നങ്ങളായിരിക്കും. 

                                                                           കെ.പി.രവീന്ദ്രന്‍.